പഴയനിയമത്തിലും ഉണ്ട് ഒരു ധൂര്‍ത്തപുത്രന്‍. ദാവീദ് രാജാവിന്റെ മകനായ അബ്ശാലോം അപ്പനെതിരായി കൂട്ടുകെട്ട് ഉണ്ടാക്കുകയും അപ്പനെ വധിക്കാന്‍ സൈന്യത്തെ നിയോഗിക്കുകയും ചെയ്ത ഒരു മുടിയന്‍ പുത്രനായിരുന്നു. തിരുവചനം പറയുന്നത്:
”എല്ലാ യിസ്രായേലിലും സൗന്ദര്യംകൊണ്ട് അബ്ശാലോമിനോളം ശ്ലാഘ്യനായ ഒരുത്തനും ഉണ്ടായിരുന്നില്ല. അടിതൊട്ട് മുടിവരെ അവന് ഒരു ഊനവും ഇല്ലായിരുന്നു. അവന്‍ തന്റെ തലമുടി ആണ്ടുതോറും കത്രിപ്പിച്ചു കളയും; അത് തനിക്ക് ഭാരമായിരിക്കയാല്‍ അത്രേ കത്രിപ്പിച്ചത്.”
2 ശമുവേല്‍ 14: 25, 26.00
സൗന്ദര്യത്തിന്റെ മികവാര്‍ന്ന ഒരു നിദര്‍ശനം ആയിരുന്നു അവന്റെ തലമുടി. എന്നാല്‍ ആ തലമുടി തന്നെ അവന്റെ നാശത്തിന് മുഖാന്തരമായി. അബ്ശാലോം ഒരു ക്രൂരഹൃദയനായിരുന്നു. തന്റെ സഹോദരിയായ താമാരിനെ സഹോദരനായ അമ്‌നോന്‍ അപമാനിച്ചതുകൊണ്ട് അവന്റെ ഹൃദയത്തില്‍ പകയും വിദ്വേഷവും കുമിഞ്ഞുകൂടി. വളരെ തന്ത്രപൂര്‍വ്വം അമ്‌നോനെയും മറ്റു രാജകുമാരന്മാരേയും ഒരു വിരുന്നിന് ക്ഷണിച്ചു. എല്ലാവരും കൂടെ ആഹ്‌ളാദിച്ചിരുപ്പോള്‍ അബ്ശാലോം അമ്‌നോനെ അടിച്ചുകൊല്ലുവാന്‍ തന്റെ വേലക്കാരോട് കല്പിച്ചു.
ഈ ഭീകരകൃത്യം ചെയ്തതിനുശേഷം അബ്ശാലോം സ്വന്തം പിതാവായ ദാവീദ് രാജാവിനെ വിട്ട് ദൂരെ ഗെശൂരിലേക്ക് ഓടിപ്പോയി മൂന്ന് വര്‍ഷം അവിടെ താമസിച്ചു.
സ്വന്തം പിതാവിന് എതിരായി മത്സരിപ്പാന്‍ അബ്ശാലോം ദൃഢനിശ്ചയം ചെയ്തു. അപ്പനെ വധിച്ച് രാജസിംഹാസനത്തില്‍ ഇരിക്കാന്‍ അവന്‍ പരിപാടിയിട്ടു. രാജാവിന് മകനെ പേടിച്ച് കൊട്ടാരം വിട്ട് ഓടിപ്പോകേണ്ടി വന്നു. അബ്ശാലോമിന്റെ കൂടെ അവന്റെ കുതന്ത്രത്തിനും കുബുദ്ധിക്കും കൂട്ടുകൂടുവാന്‍ സൈന്യത്തിലെ ബഹുഭൂരിപക്ഷം പേരും തയ്യാറായി. ദേശത്തിന്റെ നാനാഭാഗങ്ങളില്‍ സഞ്ചരിച്ച് ദാവീദ് എവിടെയാണ് ഒളിച്ചിരിക്കുതെന്ന് അറിയാന്‍ ശ്രമിച്ചു. അങ്ങനെ ഒരു ഭീകരമായ പട്ടാളവിപ്ലവം പൊട്ടി പുറപ്പെട്ടു.
ദാവീദിന്റെ കൂടെ സൈന്യാധിപനായ യോവാബും കുറെ പടയാളികളും ഉണ്ടായിരുന്നു. അബ്ശാലോമിന്റെ കിങ്കരന്മാരും ദാവീദിന്റെ സേവകരും തമ്മില്‍ ഭയങ്കരമായ യുദ്ധം പൊട്ടിപ്പുറപ്പെട്ടു. അബ്ശാലോം യുദ്ധത്തില്‍ തോറ്റ് കോവര്‍ കഴുതപ്പുറത്ത് ഓടിച്ചു പോകുമ്പോള്‍ ഒരു വലിയ കരുവേലകത്തിന്റെ കീഴെ എത്തി. അബ്ശാലോമിന്റെ തലമുടി കരുവേലകത്തില്‍ പിടിപെട്ടിട്ട് അവന്‍ ആകാശത്തിനും ഭൂമിക്കും മദ്ധ്യേ തൂങ്ങി, കോവര്‍ കഴുത അവന്റെ കീഴെനിന്ന് ഓടിപ്പോയി. യോവാബ് ഇതറിഞ്ഞ് മൂന്ന് കുന്തം കൈയിലെടുത്ത് അബ്ശാലോം കരിവേലകത്തിന്‍ കീഴില്‍ തൂങ്ങിക്കിടക്കുമ്പോള്‍ തന്നെ അവന്റെ നെഞ്ചിലേക്ക് ആ കുന്തങ്ങള്‍ കുത്തിക്കടത്തി. യോവാബിന്റെ കൂടെ ഉണ്ടായിരുന്ന പത്ത് പടയാളികള്‍ അബ്ശാലോമിനെ അടിച്ചു കൊന്നു.
വേദപുസ്തകത്തില്‍ വ്യക്തമായ പ്രമാണം ഉണ്ട്.
”നിനക്ക് നന്മ ഉണ്ടാകുവാനും നീ ഭൂമിയില്‍ ദീര്‍ഘായുസ്സോടെ ഇരിപ്പാനും നിന്റെ അപ്പനെയും അമ്മയെയും ബഹുമാനിക്ക എന്നത് വാഗ്ദത്തത്തോടുകൂടിയ ആദ്യ കല്പന ആകുന്നു” എഫെസ്യര്‍ 6 : 1, പുറപ്പാട് 20 : 12
”നിങ്ങള്‍ ഓരോരുത്തന്‍ താന്താന്റെ അമ്മയെയും അപ്പനെയും ഭയപ്പെടേണം.” ലേവ്യപുസ്തകം 19 – 2
ജ്ഞാനികളില്‍ ജ്ഞാനിയായ ശലോമോന്‍ സദൃശവാക്യങ്ങളില്‍ എഴുതിയിരിക്കുന്നു.
”അപ്പനെ ശപിക്കയും അമ്മയെ അനുഗ്രഹിക്കാതിരിക്കയും ചെയ്യുന്നോരു തലമുറ! തങ്ങള്‍ക്ക് തന്നേ
നിര്‍മ്മലരായിത്തോന്നവരും അശുദ്ധി കഴുകിക്കളയാത്തവരുമായോരു തലമുറ! അയ്യോ ഈ തലമുറയുടെ കണ്ണുകള്‍ എത്ര ഉയര്‍ന്നിരിക്കുന്നു.”
സദൃശവാക്യങ്ങള്‍ 30 : 11-13
നാം നമ്മുടെ പാപങ്ങള്‍ കൊണ്ട് ദൈവത്തെ ദു:ഖിപ്പിക്കുമ്പോഴും ദൈവത്തിന് നമ്മോട് കനിവും ആര്‍ദ്രതയും സ്‌നേഹവും മാത്രമാണുള്ളത്.
പഴയനിയമത്തിലെ മുടിയന്‍ പുത്രനായ അബ്ശാലോം നമുക്ക് അനേകം പാഠങ്ങള്‍ തരുന്നുണ്ട്. ഒന്ന്, അവന്‍ അഹങ്കാരിയായിരുന്നു. അപ്പനെതിരെ മത്സരിക്കാനും അപ്പനെ വധിക്കാന്‍ പരിപാടിയിടാനും അവന്‍ മടിച്ചില്ല. മാതാപിതാക്കളെ ബഹുമാനിക്കാനും അനുസരിപ്പാനും വിമുഖത കാണിച്ചാല്‍ ശീഘ്രനാശം വരും എന്നതാണ് രണ്ടാമത്തെ പാഠം.
മൂന്നാമതായി സ്വന്തം സഹോദരനെ ഉപായരൂപേണ കൂട്ടിക്കൊണ്ടുപോയി അടിച്ചുകൊല്ലുവാന്‍ അവന്‍ തയ്യാറായി. പുറമേ സുന്ദരനാണെങ്കിലും അകം ക്രൂരതകൊണ്ടും ദുഷ്ടതകൊണ്ടും നിറഞ്ഞവനായിരുന്നു അബ്ശാലോം. അത് അവന് നാശമായിത്തീര്‍ന്നു.
നാലാമതായി അവന്റെ പ്രശംസാവിഷയമായിരുന്ന അവന്റെ തലമുടി തന്നെ അവന്റെ ദാരുണാന്ത്യത്തിന് കാരണമായിത്തീര്‍ന്നു. നമുക്കാര്‍ക്കും നമ്മുടെ കഴിവിലോ ബുദ്ധിവൈഭവത്തിലോ ആരോഗ്യത്തിലോ സൗന്ദര്യത്തിലോ ഒന്നിലും പ്രശംസിപ്പാന്‍ ഇടവരാതിരിക്കട്ടെ. എപ്പോഴും താഴ്മയും സൗമ്യതയും നമ്മുടെ അലങ്കാരമാകട്ടെ.
അബ്ശാലോമിന് സ്വന്തം അപ്പനായ ദാവീദ് രാജാവിനോട് മത്സരവും കോപവും ഉള്ളപ്പോഴും ദാവീദിന് അവനോട് നിഷ്‌ക്കളങ്കമായ സ്‌നേഹവും പരാതിയില്ലാത്ത വാത്സല്യവും മാത്രമാണുണ്ടായിരുന്നത്. നാം നമ്മുടെ പാപങ്ങള്‍ കൊണ്ട് ദൈവത്തെ ദു:ഖിപ്പിക്കുമ്പോഴും ദൈവത്തിന് നമ്മോട് കനിവും ആര്‍ദ്രതയും സ്‌നേഹവും മാത്രമാണുള്ളത്.
അബ്ശാലോമിനെ ഭയന്ന് ദാവീദ് രാജാവ് കാട്ടിലെ ഗുഹയില്‍ ഒളിച്ചിരിക്കുമ്പോള്‍ പാടിയ സൂത്താറാ നമസ്‌ക്കാരമാണ് നാലാം സങ്കീര്‍ത്തനം. അത് അവസാനിക്കുന്നത് ”ധാന്യവും വീഞ്ഞും വര്‍ദ്ധിച്ചപ്പോള്‍ അവര്‍ക്ക് ഉണ്ടായതിലും അധികം സന്തോഷം നീ എന്റെ ഹൃദയത്തില്‍ നല്കിയിരിക്കുന്നു. ഞാന്‍ സമാധാനത്തോടെ കിടന്നുറങ്ങും; നീയല്ലോ യഹോവേ , എന്നെ നിര്‍ഭയം വസിക്കുമാറാക്കുന്നത്. സങ്കീര്‍ത്തനങ്ങള്‍ 4 : 7-8
രാവിലെ ആ ഗുഹയില്‍ ഉറക്കം തെളിഞ്ഞപ്പോള്‍ ദാവീദിന്റെ പ്രഭാത നമസ്‌ക്കാരമാണ് മൂന്നാം സങ്കീര്‍ത്തനം.
ഞാന്‍ കിടന്നുറങ്ങി; യഹോവ എന്നെ താങ്ങുകയാല്‍ ഉണര്‍ന്നുമിരിക്കുന്നു.
സങ്കീര്‍ത്തനങ്ങള്‍ 3 : 5
നിത്യനായ ദൈവം നമ്മുടെ പ്രാര്‍ത്ഥന കേട്ട് നമ്മെ സഹായിക്കണമെങ്കില്‍ ഒരു എളിയ മനസ്സാക്ഷിയും താഴ്മയുള്ള ഹൃദയവും കൂടിയേ കഴിയൂ. അതില്ലെങ്കില്‍ പഴയനിയമത്തിലെ മുടിയന്‍ പുത്രനായ അബ്ശാലോമിന് വന്ന നാശം നമുക്കും വന്നു ഭവിക്കും.