We preach Christ crucified

പുതുമ

എന്നും പുതുമ തേടുന്ന മനുഷ്യമനസ്സ് ഒരിക്കലും ഒന്നിലും തൃപ്തി വരാത്തതാണ്. മനുഷ്യന്റെ വളർച്ചയുടെ രഹസ്യം പുതിയതിനു വേണ്ടിയുള്ള അഭിവാഞ്ഛയത്രേ.

‘ചിരിയും ചിന്തയും” എന്ന ഗ്രന്ഥത്തിൽ E.V. കൃഷ്ണപിള്ള ഒരു ഹാസ്യാത്മക കഥ പറയുന്നുണ്ട്: ഒരു മനുഷ്യൻ പാരീസിന്റെ തെരുവിൽക്കൂടി ഓടുകയാണ്. അദ്ദേഹത്തിന്റെ ഒരു ഉറ്റസ്നേഹിതൻ ചോദിച്ചു: ‘എന്താണ് സ്നേഹിതാ,’ താങ്കൾ ഇത്രവേഗത്തിൽ ഓടുന്നത്?” അയാൾ പറഞ്ഞു: ‘അയ്യോ! എന്നെ തടയല്ലേ, എന്റെ കൈയിലെ പൊതിയിൽ ഏറ്റവും അത്യന്താധുനികമായ ഒരു സാരിയാണ്. ഞാൻ ചെല്ലാൻ വൈകിയാൽ ഇതിനേക്കാൾ പുതിയ ഫാഷനിലുള്ള സാരി ഇറങ്ങിയിരിക്കും. അത് വാങ്ങണമെന്ന് എന്റെ ഭാര്യ ശഠിക്കും. പുതിയ ഫാഷനിലുള്ള സാരി ഇറങ്ങുന്നതിനു മുമ്പ് ഞാനിതൊന്ന് വേഗം കൊടുത്തു കൊള്ളട്ടെ.”

പുതുമയ്ക്കുവേണ്ടിയുള്ള അടങ്ങാത്ത ആഗ്രഹം! പുതിയ ഫാഷൻ, പുതിയ വേഷം, പുതിയ ശൈലി. എല്ലാറ്റിലും പുതിയതിനു വേണ്ടിയുള്ള അഭിവാഞ്ഛ കാണാം.

ഇംഗ്ലീഷ് സാഹിത്യത്തിലെ നിസ്തുല പ്രതിഭയായിരുന്നു ഫ്രാൻസിസ് തോംസൺ. അദ്ദേഹത്തെ ഒരു വൈദികൻ ആക്കണമെന്നാണ് മാതാപിതാക്കൾ ആഗ്രഹിച്ചത്. അതുകൊണ്ട് അവർ അവനെ ഒരു സെമിനാരിയിൽ ചേർത്തു. വൈദികപഠനം മുഷിഞ്ഞതുകൊണ്ട് അത് നിർത്തി. മാതാപിതാക്കളുടെ ആഗ്രഹപ്രകാരം അവൻ ഡോക്ടറാകാൻ ഒരു മെഡിക്കൽ കോളേജിൽ ചേർന്നു.

ആ പഠനവും പൂർത്തീകരിച്ചില്ല. ഫ്രാൻസിസ് ചില ദുശ്ശീലങ്ങൾക്ക് അടിമപ്പെട്ടു. ലക്കുകെട്ടവനെപ്പോലെ അലയാൻ തുടങ്ങി. ലണ്ടനിലെ തെരുവുകളിലും കടകളുടെ വരാന്തകളിലും അവൻ അന്തിയുറങ്ങി. ഒരു ഭ്രാന്തനെപ്പോലെ അലഞ്ഞുതിരിഞ്ഞു. ഇടയ്ക്ക് അവൻ വഴിയോരത്ത് കിടക്കുന്ന കടലാസുകളെടുത്ത് എന്തോ കുറിച്ചു വെയ്ക്കും.

ഡേവിഡ് മെയ്നൽ എന്ന ക്രിസ്തു ഭക്തനായ ഒരു മനുഷ്യൻ ഈ കടലാസ് കുറിപ്പുകൾ കാണാനിടയായി. ഉന്ന തനിലവാരം പുലർത്തുന്ന കാവ്യശീലുകളാണ് ഈ കുറിപ്പുകളെന്ന് അദ്ദേഹത്തിന് മനസ്സിലായി. അദ്ദേഹം ഫ്രാൻസിസ് തോംസനെ തേടിപ്പിടിച്ച് സ്വന്തഭവനത്തിൽ കൊണ്ടുപോയി പാർപ്പിച്ചു. യേശുക്രിസ്തുവിന്റെ അനന്തസ്നേഹത്തെക്കുറിച്ചും കഴിഞ്ഞകാല പാപങ്ങളെല്ലാം മായിച്ചു തരുന്ന ക്രിസ്തുവിന്റെ തിരുരക്തത്തിന്റെ അത്ഭുതശക്തിയെക്കുറിച്ചും ഡേവിഡ് മെയ്നലും അദ്ദേഹത്തിന്റെ ഭാര്യയും ഫ്രാൻസിസിന് പറഞ്ഞുകൊടുത്തു.

 

ഭ്രാന്തനെപ്പോലെ അലഞ്ഞുതിരിഞ്ഞ് നടന്നിരുന്ന ആ യൗവ്വനക്കാരൻ ജീവിതം യേശുക്രിസ്തുവിന് സമർപ്പിച്ച് ഒരു പുതിയ സൃഷ്ടിയായി. തന്റെ ജീവിതാനുഭവങ്ങളുടെ കാവ്യമയമായ ആവിഷ്ക്കാരമാണ് സുപ്രസിദ്ധമായ “THE HOUND OF HEAVEN” (സ്വർഗ്ഗത്തിന്റെ വേട്ടനായ്) ഓടിയോടി അകന്നുപോകുന്ന മനുഷ്യനെ തേടിയുള്ള ദൈവികസ്നേഹത്തിന്റെ പ്രതീകാത്മകമായ കഥയാണ് “THE HOUND OF HEAVEN.”

പാപപ്രകൃതിയുള്ള മനുഷ്യനെ പുതുമയുടെ പ്രകാശത്തിലേക്ക് ആനയിക്കുന്ന ദൈവസ്നേഹം! സ്വന്തജീവിതത്തിലെ ഈ നവീകരണവും രൂപാന്തരവും അനുഭവിച്ചാണ് തർസോസിലെ ശൗൽ, ധന്യനായ പൗലോസ്ശ്ലീഹായായി മാറിയത്. അദ്ദേഹം റോമിലെ ജയിലിൽ കിടക്കുമ്പോൾ എഫെസ്യ സഭയ്ക്കും കൊലൊസ്യ സഭയ്ക്കും എഴുതിയ ലേഖനങ്ങളിൽ ഈ പുതുക്കത്തിന്റെ ആവശ്യകതയെക്കുറിച്ച് ആവർത്തിച്ച് പ്രബോധിപ്പിക്കുന്നുണ്ട്.

‘മുമ്പിലത്തെ നടപ്പു സംബന്ധിച്ച് ചതിമോഹങ്ങളാൽ വഷളായിപ്പോകുന്ന പഴയമനുഷ്യനെ ഉപേക്ഷിച്ച് നിങ്ങളുടെ ഉള്ളിലെ ആത്മാവു സംബന്ധമായി പുതുക്കം പ്രാപിച്ച് സത്യത്തിന്റെ ഫലമായ നീതിയിലും വിശുദ്ധിയിലും ദൈവാനുരൂപമായി സൃഷ്ടിക്കപ്പെട്ട പുതുമനുഷ്യനെ ധരിച്ചുകൊൾവിൻ.” എഫേസ്യർ 4:22 -24

‘നിങ്ങൾ പഴയ മനുഷ്യനെ അവന്റെ പ്രവൃത്തികളോടുകൂടെ ഉരിഞ്ഞു കളഞ്ഞ് തന്നെ സൃഷ്ടിച്ചവന്റെ പ്രതിമ പ്രകാരം പരിജ്ഞാനത്തിനായി പുതുക്കം പ്രാപിക്കുന്ന പുതിയ മനുഷ്യനെ ധരിച്ചിരിക്കുന്നുവല്ലോ.” കൊലൊസ്യർ 3:9 -10

പാപപ്രകൃതിയുള്ള മനുഷ്യനെ പുതുമയുടെ പ്രകാശത്തിലേക്ക് ആനയിക്കുന്ന ദൈവസ്നേഹം! സ്വന്തജീവിതത്തിലെ ഈ നവീകരണവും രൂപാന്തരവും അനുഭവിച്ചാണ് തർസോസിലെ ശൗൽ, ധന്യനായ പൗലോസ്ശ്ലീഹായായി മാറിയത്.

ദുർമ്മാർഗ്ഗിയും മത്സരിയുമായിരുന്ന അഗസ്റ്റിൻ എന്ന യുവാവിനെ ഒരു പുതിയ സൃഷ്ടിയാക്കിത്തീർത്ത യേശുക്രിസ്തുവിന്റെ അത്ഭുതശക്തി ഇന്ന് അനേകരെ രൂപാന്തരപ്പെടുത്തുന്നു. സെന്റ് അഗസ്റ്റിൻ എഴുതിയ “CONFESSIONS” എന്ന ആത്മകഥാ ഗ്രന്ഥത്തിൽ അദ്ദേഹം ഒരു പുതിയ സൃഷ്ടിയായിത്തീർന്ന സംഭവം വിവരിക്കുന്നണ്ട്. അമ്മ മകനുവേണ്ടി എന്നും കരഞ്ഞ് പ്രാർത്ഥിച്ചുകൊണ്ടിരുന്നു. ഒരു ബിഷപ്പും അഗസ്റ്റിനുവേണ്ടി ദൈവസിധിയിൽ അഭയയാചന ചെയ്യുന്നുണ്ടായിരുന്നു. അങ്ങനെ ഒരത്ഭുതം നടന്നു. അഗസ്റ്റിൻ മാനസാന്തരപ്പെട്ടു!

അവന് മ്ലേച്ഛബന്ധമുണ്ടായിരുന്ന ഒരു സ്ത്രീയെ വിട്ട് അമ്മയുടെ കൂടെ വന്ന് താമസിക്കാൻ തുടങ്ങി.

ഒരുദിവസം ദൂരെ നിന്ന് അഗസ്റ്റിൻ വരുന്നത് സ്ത്രീ കണ്ടു. അഗസ്റ്റിൻ വീണ്ടും വരുന്നല്ലോ എന്ന് സന്തോഷിച്ച് അവൾ കാത്തു നിന്നു. എന്നാൽ അഗസ്റ്റിൻ അവളെ ഗൗനിക്കാതെ നടന്നു നീങ്ങി. ‘അഗസ്റ്റീനേ‘ ‘അഗസ്റ്റീനേഎന്നു വിളിച്ചുകൊണ്ട് അവൾ പിന്നാലെ പാഞ്ഞുചെന്നു. മുൻ കടന്ന് എതിരെ നിന്ന സ്ത്രീയെ ഒരു പരിചയവും ഇല്ലാത്തവനെപ്പോലെ അഗസ്റ്റിൻ നോക്കി നിന്നു. അവൾ പറഞ്ഞു: “അഗസ്റ്റീനേ നീയെന്നെ അറിയില്ലേ? ഇത് ഞാനാണ്.” അഗസ്റ്റിൻ പറഞ്ഞു: “ഇതു ഞാനല്ല. നിന്റെ കൂടെ ജീവിച്ച അഗസ്റ്റിൻ മരിച്ചുപോയി. ഞാനൊരു പുതിയ മനുഷ്യനാണ്.”

ഒരുത്തൻ ക്രിസ്തുവിലായാൽ അവൻ പുതിയ സൃഷ്ടിയാകുന്നു. പഴയതു കഴിഞ്ഞുപോയി, ഇതാ അത് പുതുതായി തീർന്നിരിക്കുന്നു.” 2 കൊരിന്ത്യർ 5:17

കോപിഷ്ഠൻ ശാന്തശീലനാകുന്നു. അശുദ്ധി മാറുന്നു. ദ്രവ്യാഗ്രഹം മാറുന്നു. അഹങ്കാരം മാറുന്നു. അധികാര പ്രമത്തത മാറുന്നു. സ്വാർത്ഥത മാറുന്നു. എളിമ കൈവരുന്നു. സ്നേഹം നിറയുന്നു. സർവ്വദാ വിശുദ്ധിയുടെ സുഗന്ധം വ്യാപിക്കുന്നു. അതാണ് പുതുക്കം.

Other articles

അക്കല്ദാമ

Read full Article
ഏറ്റവും പുറത്തുള്ള ഇരുട്ട്

Read full Article
സുബോധം

Read full Article
എനിക്ക് ദാഹിക്കുന്നു

Read full Article
മറ്റൊരു ധൂര്‍ത്തപുത്രന്‍

Read full Article
തളരാതെ മുന്നേറുക

വാടിത്തളർന്നു പോകാതെ ഉത്സാഹഭരിതനായി മുന്നോട്ടു പോയതുകൊണ്ടാണ് അമേരിക്ക കണ്ടുപിടിക്കുവാൻ കൊളംബസിന് കഴിഞ്ഞത്

Read full Article