ധൂർത്തപുത്രന്റെ ഉപമയിൽ അപ്പനെ വിട്ട് ദൂരദേശത്തേയ്ക്ക് യാത്രയായ മകൻ മാനസാന്തരപ്പെട്ട് അപ്പന്റെ അരികിലേയ്ക്ക് തിരിച്ചെത്തു കഥയാണ് നാം കാണുന്നത്. അവൻ തിരിച്ചുവന്നപ്പോൾ സകലവും മറന്ന് അവനെ സ്വീകരിക്കുന്ന അപ്പന്റെ സ്നേഹം ദൈവത്തിന്റെ അനന്തമായ സ്നേഹത്തെ ചൂണ്ടിക്കാണിക്കുന്നു.
സ്വന്ത പിതൃഭവനത്തിൽ എല്ലാ ഐശ്വര്യവും ആഭിജാത്യവും ഉണ്ടായിരുന്ന ആ യുവാവ് അപ്പന്റെ സ്വത്തിൽ എല്ലാം അവകാശം പറഞ്ഞ് മേടിച്ച് ദൂരദേശത്തേയ്ക്ക് യാത്രയാകുന്നു. സ്വപിതാവിനെ വിട്ട് പാപ ഇമ്പങ്ങളിലേയ്ക്ക് പോകുന്ന മനുഷ്യന്റെ ശോചനീയാവസ്ഥ ഇതിൽ നാം കാണുന്നു.
വാസ്തവത്തിൽ അവന്റെ സുബോധം നഷ്ടപ്പെട്ടു. അതുകൊണ്ട് അവനുണ്ടായിരുന്ന ധനസമൃദ്ധിയെല്ലാം വെറിക്കൂത്തുകൾക്കും അഴുക്കാണ്ട പ്രവൃത്തികൾക്കുമെല്ലാം ചെലവഴിച്ച് നശിപ്പിച്ചു. പണം തീർന്നപ്പോൾ കൂട്ടുകാരെല്ലാം അവനെ കൈവിട്ടു. കൊടിയ ക്ഷാമം അവനെ ഒരു പ്രാകൃതനാക്കി മാറ്റി. ആഹാരം ലഭിക്കാതെ വിശന്നുപൊരിഞ്ഞ് അലഞ്ഞ് നടന്ന ആ യൗവ്വനക്കാരൻ അന്യദേശത്തെ പ്രഭുവിന്റെ പന്നിയെ മേയിക്കുന്ന ജോലി ഏറ്റെടുത്തു. എന്തു നികൃഷ്ടമായ പണിയാണെങ്കിലും ഞാൻ ചെയ്തുകൊള്ളാമെന്ന അവന്റെ യാചനയ്ക്ക് ആ ദേശത്തിലെ പ്രഭു അവനു കൊടുത്ത ജോലി അവൻ സ്വീകരിച്ചു. പന്നിയെ തൊടുന്നതുപോലും നിഷിദ്ധമായ യഹൂദൻ പന്നിയെ മേയ്ക്കുന്ന ജോലി തീർത്തും ദുസ്സഹമായിരുന്നു. ഗതിയറ്റ് പന്നിയെ നോക്കി വന്നപ്പോൾ അവന്റെ വിശപ്പടക്കാൻ ആഹാരം ലഭിച്ചില്ല. പന്നി തിന്നുന്ന തവിട് തിന്നാൻ അവൻ ആഗ്രഹിച്ചെങ്കിലും അതുപോലും അവന് കിട്ടാതെ വന്നു.
കൊടിയ ക്ഷാമം! ശരീരം എല്ലും തോലുമായി. ഉടുതുണിക്കു മറുതുണിയില്ലാതെ പന്നിയുടെ ദുർഗ്ഗന്ധംപൂണ്ട് പിന്നിക്കീറിയ സ്വന്തം വസ്ത്രത്തിലേക്ക് നോക്കി അവൻ നെടുവീർപ്പിട്ടു.
സ്നേഹസ്വരൂപനായ സ്വർഗ്ഗീയപിതാവിന്റെ സന്നിധിയിൽ നിന്ന് അകന്നുപോകുന്ന മനുഷ്യന്റെ പരമദയനീയമായ ചിത്രമാണിത്. സമ്പത്ത് നശിച്ചു. ആഭിജാത്യം മുടിച്ചു. കുടുംബമഹിമ നഷ്ടപ്പെട്ടു. സമാധാനം നശിച്ചു. ശരീരം ക്ഷയിച്ചു. വറുതിയിൽ വെറിപൂണ്ട് അവൻ നിരാശയിലാണ്ടു. ഇതുതന്നെയാണ് സത്യദൈവത്തെ ഭയമില്ലാതെ പാപത്തിന്റെ നിലയില്ലാക്കയത്തിൽ മുങ്ങിപ്പോകുന്ന മനുഷ്യന്റെ ദയനീയ ചിത്രം.
എല്ലാറ്റിനും മുട്ടുവന്നപ്പോൾ അവന് സുബോധം വന്നു. യാക്കോബ് യിസ്രായേൽ ആയി മാറിയത് തുടയുടെ തടം ഉളുക്കിയപ്പോൾ ആണല്ലോ. സ്വന്തശക്തിയിലും സ്വന്തബുദ്ധിയിലും ആശ്രയിച്ച് ഞാൻ രക്ഷപ്പെട്ടുകൊള്ളാമെന്ന് വിചാരിച്ച യാക്കോബ് നീ എന്നെ അനുഗ്രഹിച്ചല്ലാതെ ഞാൻ നിന്നെ വിടുകയില്ലെന്ന് (ഉല്പത്തി 32 : 26) നിർബ്ബന്ധം പിടിച്ച് അനുഗ്രഹം പ്രാപിച്ചു. പുതിയ പേരും ലഭിച്ചു, ”യിസ്രായേൽ.’
ധൂർത്തപുത്രന് സുബോധം വന്നപ്പോൾ അവൻ സ്വയം പറയുകയാണ്: ‘എന്റെ അപ്പന്റെ എത്ര കൂലിക്കാർ ഭക്ഷണം കഴിച്ച് ശേഷിപ്പിക്കുന്നു? ഞാനോ വിശപ്പുകൊണ്ട് നശിച്ചുപോകുന്നു, ഞാൻ എഴുന്നേറ്റ് അപ്പന്റെ അടുക്കൽ ചെന്ന് അവനോട് : അപ്പാ, ഞാൻ സ്വർഗ്ഗത്തോടും നിന്നോടും പാപം ചെയ്തിരിക്കുന്നു. ഇനി നിന്റെ മകൻ എന്ന പേരിന് ഞാൻ യോഗ്യനല്ല. നിന്റെ കൂലിക്കാരിൽ ഒരുത്തനെപ്പോലെ എന്നെ ആക്കണമേയെന്ന് പറയും എന്ന് പറഞ്ഞു.’
അങ്ങനെ അവൻ എഴുന്നേറ്റ് അപ്പന്റെ അടുക്കൽ പോയി . ലൂക്കോസ് 15 : 18-20. ‘Give me’ എന്ന് അപ്പനോട് ചോദിച്ചു വാങ്ങിയവൻ, ‘Make me’ എന്ന് പറയുവാൻ തീരുമാനിച്ചു.
സുബോധം വന്നപ്പോൾ, ഒന്ന്, അവൻ അപ്പനെക്കുറിച്ച് ഓർത്തു. രണ്ട്, അപ്പന്റെ കൂലിക്കാരന്റെ സുഭിക്ഷതയെ അവൻ ഓർത്തു. മൂന്ന്, ഞാൻ നശിച്ചുപോകുന്നു എന്ന് അവൻ തിരിച്ചറിഞ്ഞു. നാല്, ഞാൻ എഴുന്നേൽക്കും എന്ന് അവൻ തീരുമാനിച്ചു.
അഞ്ച്, ഞാൻ പാപം ചെയ്തിരിക്കുന്നു എന്ന് ഏറ്റ് പറഞ്ഞു. ആറ്, കൂലിക്കാരിൽ ഒരുത്തനെപ്പോലെ ആക്കേണമേ എന്ന് അവൻ വിനയപ്പെട്ടു. ഏഴ്, അവൻ അപ്പന്റെ അടുക്കലേക്ക് തിരികെപ്പോയി.
ക്രിസ്തു ക്രൂശിൽ പ്രദർശിപ്പിച്ച നിത്യസ്നേഹത്തിന്റെ ഉദാത്ത മാതൃക! അനുതപിക്കു മനുഷ്യനെ സ്വീകരിക്കുന്ന ദൈവസ്നേഹം!
ധൂർത്തപുത്രന്റെ ഉപമയിൽ നമുക്കുണ്ടാകേണ്ട ഗൗരവമേറിയ കാര്യങ്ങൾ ഒന്ന്, Conviction (കുറ്റബോധം), രണ്ട് Contrition (തകർന്ന ഹൃദയം), മൂന്ന്, Convertion (മാനസാന്തരം), നാല്, Confession (ഏറ്റുപറച്ചിൽ).
അവൻ തിരികെ വപ്പോൾ അവനെ കണ്ടപാടെ കഴിഞ്ഞതെല്ലാം മറന്ന് അപ്പൻ അവന്റെ അരികിലേക്ക് ഓടിച്ചെല്ലുന്നു. അണപൊട്ടിയൊഴുകിയ പിതൃസ്നേഹം വാരിപ്പുണർന്ന് ചുംബിക്കുന്നു. പന്നിയുടെ ദുർഗ്ഗന്ധം പൂണ്ട അവന്റെ കീറിപ്പറിഞ്ഞ വസ്ത്രങ്ങൾ മാറ്റി അവനെ കുളിപ്പിക്കുന്നു.
നിസ്തുലമായ ദൈവസ്നേഹത്തിന്റെ അത്ഭുതാവഹമായ കാഴ്ചയാണ് ഇവിടെ കാണുന്നത്. ക്രിസ്തു ക്രൂശിൽ പ്രദർശിപ്പിച്ച നിത്യസ്നേഹത്തിന്റെ ഉദാത്ത മാതൃക! അനുതപിക്കു മനുഷ്യനെ സ്വീകരിക്കുന്ന ദൈവസ്നേഹം!
ക്ഷാമം വന്നത് നന്നായി. ചിലർക്ക് ആരോഗ്യത്തിന് ക്ഷാമമായിരിക്കും, മാറാരോഗം. മറ്റുചിലർക്ക് കടത്തിന്റെ കെടുതി. വേറെ ചിലർക്ക് സ്വന്തം വീട്ടിൽ തന്നെ ഭാര്യയുടെയോ ഭർത്താവിന്റെയോ മക്കളുടെയോ സ്നേഹം കിട്ടാത്തതിലുള്ള പാരവശ്യം. ഏതായാലും ക്ഷാമം നന്മയ്ക്ക് ഉതകും. ‘സമാധാനത്തിനായി എനിക്ക് അത്യന്തം കയ്പ്പായത് ഭവിച്ചു’ (യെശയ്യാവ് 38 : 17) എന്ന് ഹിസ്ക്കിയാ രാജാവും, ‘ദൈവത്തെ സ്നേഹിക്കുവർക്ക്, നിർണ്ണയപ്രകാരം വിളിക്കപ്പെട്ടവർക്ക് തന്നെ സകലവും നന്മയ്ക്കായി കൂടി
വ്യാപരിക്കുന്നു.’ (റോമർ 8 : 28) എന്ന് സെന്റ് പോളും പറയുന്നത് ഇവിടെ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
ഹോശേയ പ്രവാചകൻ പറയുന്നതുപോലെ നമുക്ക് ദൈവത്തിങ്കലേക്ക് മടങ്ങിച്ചെല്ലാം. അനുതാപവാക്യങ്ങളോടുകൂടെ തിരുസന്നിധിയിൽ ചെന്ന് സകല അകൃത്യങ്ങളും ക്ഷമിച്ച് ഞങ്ങളെ കൃപയോടെ കൈക്കൊള്ളണമേ എന്ന് പ്രാർത്ഥിക്കാം. ഹോശേയ 14 : 1, 2.